മൂവാറ്റുപുഴ നഗരത്തിൽ നിർമ്മലാ കോളേജ് ജംഗ്ഷൻ
മുതൽ കടാതിവരെയും 130 ജംഗ്ഷൻ മുതൽ വാഴപ്പിള്ളി ജംഗ്ഷൻ
വരെയുമുണ്ടാകുന്ന നഗരക്കുരുക്കിനെ ബൈപാസ്സ് ചെയ്യുന്നതിനൊപ്പം നഗരത്തിനുള്ളിൽ ഏതുഭാഗത്തേയ്ക്കും എളുപ്പത്തിൽ പ്രവേശിക്കുവാൻ കഴിയുന്ന വിധത്തിലുള്ളതുകൂടിയായ
ഇന്നർ റിംഗ്‌റോഡിന്റെ പൂർത്തീകരണത്തിനുതകുന്ന
പുതിയ രണ്ട് ബൈപാസ്സ് റോഡ് നിർദ്ദേശങ്ങൾകൂടി സാമൂഹ്യപ്രവർത്തകനായ പ്രമോദ് കുമാർ
മംഗലത്ത് മൂവാറ്റുപുഴ എം.എൽ.എ, ശ്രീ. മാത്യു കുഴലനാടന്
സമർപ്പിച്ചു.
മുമ്പ് വിഭാവനം ചെയ്തിരുന്ന കിഴക്കേക്കര ബൈപാസ്സ് നിർമ്മാണത്തിൽ ഉണ്ടായിട്ടുള്ള തടസ്സങ്ങൾ ഒഴിവാക്കിയും മൂവാറ്റുപുഴക്കാവിന് മുന്നിൽനിന്നാരംഭിച്ച് നിർദ്ദിഷ്ട തെക്കൻകോട് ബൈപാസ്സുമായി നേരിട്ട് ബന്ധിപ്പിക്കുന്ന തരത്തിലും നിർമ്മാണം പൂർത്തിയാക്കുവാനാകുമെന്ന് പ്രതീക്ഷിക്കുന്നതാണ് പുതിയ ആദ്യ നിർദ്ദേശം.
MC റോഡിലെ വാഴപ്പിള്ളി ജംഗ്ഷനിൽനിന്നും ആരംഭിച്ച് തൃക്കപാടശേഖരത്തിന്റെ ഓരംചേർന്നും പുളിഞ്ചോട് കവലയിൽനിന്നുള്ള ജനശക്തി റോഡിനെ ബന്ധിപ്പിച്ചുകൊണ്ടും കോതമംഗലം (NH-85) റോഡിലെ കീച്ചേരിപ്പടിയിൽ എത്തിച്ചേരുവാൻ കഴിയുന്ന പുതിയ ‘ലിങ്ക് റോഡ് ‘ നിർദ്ദേശമാണ് രണ്ടാമത്തേത്.
മേൽ നിർദ്ദേശങ്ങളെ സംബന്ധിച്ച വിശദാംശങ്ങൾ എഴുതിസമർപ്പിച്ചതിനൊപ്പം ഇതുമായി ബന്ധപ്പെട്ടുള്ള മറ്റുസാദ്ധ്യതകളും കൂടി കൂടിക്കാഴ്ചയിൽ ചർച്ചാവിഷയങ്ങളായി. കേവലം നിലവിലുള്ള ഏതെങ്കിലും റോഡിന്റെ അരികരിഞ്ഞ് വീതികൂട്ടുന്നതുകൊണ്ടോ ആവർത്തിച്ചുള്ള ടാറിംഗ് നടത്തിയതുകൊണ്ടോ മാത്രം സാദ്ധ്യമാക്കിയെടുക്കുവാൻ കഴിയുന്ന ഒന്നല്ല ഒരു നാടിന്റെ ‘സമഗ്ര വികസന‘മെന്നത്. അതിന്, ദീർഘവീക്ഷണത്തോടെയുള്ള പുതിയ റോഡുകളും ഇവ കേന്ദ്രീകരിച്ചുള്ള നാഗരികതയുടെ സ്വാഭാവിക വളർച്ചയും ഉണ്ടാവുകതന്നെ വേണമെന്ന് പ്രമോദ് കുമാർ നിർദ്ദേശത്തിൽ ചൂണ്ടിക്കാട്ടി.
പ്രദേശവാസികളുടെ കിടപ്പാടം നഷ്ടപ്പെടുന്ന സാഹചര്യം പരമാവധി ഇല്ലാതാക്കിക്കൊണ്ട് ഇത് സാദ്ധ്യമാക്കുവാൻകൂടി സാധിച്ചാൽ ഏറെ സ്വീകാര്യത വർദ്ധിക്കുകയും, പദ്ധതികൾ ജനകീയമായിത്തീരുകയും ചെയ്യും. മേൽ സൂചിപ്പിച്ച പദ്ധതികളുടെ സാദ്ധ്യതകൾ പരിശോധിച്ചുള്ള വിശകലനങ്ങൾക്ക് ശേഷം, ഉചിതമായ നടപടികൾ സ്വീകരിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പ്രമോദ് കുമാറിന്റെ പരിശ്രമഫലമായി സംസ്ഥാനസർക്കാർ മൂന്നു പദ്ധതികൾ ബജറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. റാക്കാട് – കയനാട് ചെക്ക് ഡാമിന് ഷട്ടർ ഘടിപ്പിച്ചുകൊണ്ടുള്ള പുതിയ റെഗുലേറ്റർ കം ബ്രിഡ്ജ് നിർമ്മിക്കുന്നതിനുള്ള പദ്ധതി, തെക്കൻകോട് ബൈപാസ്സ് പദ്ധതി, പുഴയോരം ബൈപാസ്സ് പദ്ധതി ഇവയാണ് ഇവയാണ് ബജറ്റിൽ ഇടം പിടിച്ചത്.
#muvattupuzha #new_project_proposal #kizhakkekara_bypass #thrikka_link_road #inner_ring_road #town_development
