ബോളിവുഡിൽ ഒരു കാലത്ത് തിളങ്ങിനിന്ന താരം ഇപ്പോൾ ഈ ഭൂമുഖത്ത് എവിടെയുണ്ടെന്ന് ആർക്കുമറിയില്ല. അദ്ദേഹത്തെ കണ്ടെത്താനുള്ള എല്ലാ ശ്രമങ്ങളും പരാജയപ്പെടുകയായിരുന്നു. ഇന്നും നിഗൂഢമായി അവശേഷിക്കുന്നു രാജ് കിരണിന്റെ തിരോധാനം.
രാജ് കിരണ് എന്ന ബോളിവുഡ് സിനിമാതാരത്തെ മലയാളികളക്കു പരിചയം യേശുദാസ് പാടിയ യേ മേരേ ഉദാസ് മന് എന്ന ദുരന്തഗാനത്തിലൂടെയാണ്. മാന് അഭിമാന് എന്ന ചിത്രത്തിലെ ഗാനമായിരുന്നു അത്. നാല്പതിലധികം സിനിമകളിലും മൂന്നു സീരിയലുകളിലും വേഷമിട്ട രാജ് കിരണ് 2003 ല് തന്റെ അന്പത്തിനാലാം വയസ്സില് അപ്രത്യക്ഷനാകുകയായിരുന്നു. ആ കഥയാണ് ഇന്നു പറയാനുദ്ദേശിക്കുന്നത്.
1949 ജൂണ് 19 ന് ബോംബെയിലെ ഒരു സിന്ധ് കുടുംബത്തിലാണ് രാജ്കിരണ് മെഹ്താനി ജനിച്ചത്. 1975ല് തന്റെ ഇരുപത്തിയാറാമത്തെ വയസ്സില് ബാബുറാം ഇഷാര സംവിധാനം ചെയ്ത കാഗസ് കി നാവ് എന്ന ചിത്രത്തില് സരികയുടെ ജോഡിയായിട്ടായിരുന്നു അരങ്ങേറ്റം. പിന്നീട് നായകവേഷത്തിലും ഇടയ്ക്ക് ഉപനായകവേഷത്തിലും അപൂർവ്വം വില്ലന് വേഷങ്ങളിലും രാജ്കിരണ് നിറഞ്ഞുനിന്നു. ശിക്ഷാ, ഏക് നയാ രിശ്താ, ബസേരാ, കർസ്, ബോംബെ കാ മഹാരാജാ, മാന് അഭിമാന്, മനോകാംനാ, നസർ ആനാ പ്യാര് കാ, പതിതാ, സാജന് മേരേ മം സാജന് കീ. ഏക് ഐസാ ഇന്സാഫ്, അർത്ഥ്, രാജ് തിലക് ഇവയെല്ലാം അവയില് ചിലതു മാത്രമാണ്.
താരപ്രഭയില് മുങ്ങിനിൽക്കുന്പോൾ രൂപ എന്ന യുവതിയെ വിവാഹം ചെയ്തു. മൃദുസ്വഭാവിയും സദ്ഗുണവാനുമായ നായകസങ്കൽപ്പമായിരുന്നു അദ്ദേഹത്തിന്റെ കഥാപാത്രങ്ങളില് ഏറിയകൂറും. 90കളുടെ തുടക്കത്തോടെ രാജ്കിരണിന്റെ കരിയറില് ഇടിവുതട്ടിത്തുടങ്ങിയിരുന്നു. ഇതോടെ കുടുംബജീവിതത്തില് അസ്വാരസ്യങ്ങള് ഉടലെടുത്തു. പിടിച്ചുനിൽക്കാനായി അദ്ദേഹം സീരിയലുകളിൽ കിട്ടിയ വേഷങ്ങൾ സ്വീകരിച്ചു. അങ്ങനെയാണ് റിപ്പോർട്ടർ, ആഖിർ കോൻ, ആഹഠ് എന്നീ സീരിയലുകളിൽ പ്രത്യക്ഷപ്പെട്ടത്. സിനിമ എപ്പോഴുംഅങ്ങനെയാണ്. അവസരങ്ങൾ കുറയുന്പോൾ പഴയ ആഢംബരം തുടരാൻ കഴിയില്ലെങ്കിലും ലഭ്യമാകുന്ന വേഷങ്ങളിലും സീരിയലുകളിലും അഭിനയിച്ചും കരിയറില് നേടിയെടുത്ത സന്ബാദ്യംകൊണ്ട് ഏതെങ്കിലും ബിസിനസ്സുകളില് ചേക്കേറിയും ജീവിതം തേടിയവരാണ് പല സിനിമാതാരങ്ങളും. പക്ഷെ അത്തരമൊരു പിന്തുണ കുടുംബത്തില്നിന്നും അദ്ദേഹത്തിന് ലഭിച്ചില്ല. ഇതിനിടെ ബൈക്കുളയിലെ ഒരു മാനസികാരോഗ്യകേന്ദ്രത്തില് അദ്ദേഹം ചികിത്സ തേടിയിരുന്നതായി ഒരു വാർത്ത പരന്നിരുന്നു. വെള്ളിവെളിച്ചമെന്നപോലെതന്നെ ചതിക്കുഴികളുടെയും കേന്ദമായ ബോളിവുഡില് അത്തരമൊരു കഥ ആരെങ്കിലും പടച്ചുവിട്ടതാണെന്നു വിശ്വസിക്കുന്ന ആരാധകരുണ്ട്. കാരണം ആ വാർത്തക്കുശേഷമാണ് രാജ്കിരണിന് തീരെ വേഷങ്ങള് ലഭിക്കാതെയായത്. ഒരിക്കൽ പുട്ടപർത്തിയിലെത്തിയ രാജ് കിരണ് സായിബാബയുടെ ആശ്രമത്തിന്റെ മതില് ചാടിക്കടക്കുകയും കാവല്ക്കാരുടെ കൈയേറ്റത്തിന് ഇരയാകുകയും ചെയ്തു. സായിബാബയെ ആക്രമിക്കാനെത്തി എന്ന പേരിലാണ് ആ സംഭവം ലോകം അറിഞ്ഞതെങ്കിലും സന്ദർശനസമയം കഴിഞ്ഞതിനാലാണ് മതിൽ ചാടിയത് എന്ന് വിശദീകരണവും വന്നിരുന്നു.
സീരിയല് പോലുമില്ലാത്ത അവസ്ഥ. കുടുംബജീവിതം കൂടുതല് വൈഷമ്യത്തിലായി. അങ്ങനെയിരിക്കെയാണ് അമേരിക്കയില് ജോലി ചെയ്തിരുന്ന അദ്ദേഹത്തിന്റെ സഹോദരന് ഗോവിന്ദ് മെഹ്താനി സഹായത്തിനെത്തുന്നത്. അങ്ങനെ അന്പതാം വയസ്സില് ഗോവിന്ദിനൊപ്പം യുഎസ്സിലെത്തിയ രാജ് കിരണ് ഒരു ടാക്സി ഡ്രൈവറായി ജീവിതം തുടങ്ങി. ഭാര്യയെയും മകളെയും കൂടെ കൊണ്ടുപോയി. എന്നാല് അധികം വൈകാതെ ഭാര്യ മകളെയുംകൊണ്ട് അദ്ദേഹത്തെ വിട്ടുപോയി. ഭർത്താവിനെ വിട്ടുപോയ രൂപ മറ്റൊരാളെ വിവാഹം കഴിച്ചു. പിന്നീട് രാജ്കിരണിനെ ആരും കണ്ടിട്ടില്ല.
നടിയും സംവിധായകയുമായ ദീപ്തി നാവലിന്റെ ഒരു ഫെയ്സ്ബുക്ക് പോസ്റ്റ് ഒരിക്കല് പ്രത്യക്ഷപ്പെട്ടു. ന്യൂയോർക്കില് ക്യാബ് ഓടിക്കുന്നതായി അറിയുന്ന തന്റെ സഹപ്രവർത്തകൻ രാജ് കിരണിനെക്കുറിച്ച് എന്തെങ്കിലും അറിവുള്ളവർ ദയവായി വിവരം തരണം എന്നായിരുന്നു അത്. പക്ഷെ പ്രയോജനമൊന്നുമുണ്ടായില്ല. 2011 ല് ഋഷി കപൂർ തന്റെ അമേരിക്കാ സന്ദർശനവേളയില് ഗോവിന്ദ് മെഹതാനിയെ ഫോണില് ബന്ധപ്പെടുകയും രാജ് കിരണിനെ കണ്ടെത്തണം എന്ന തന്റെ ആവശ്യം ഉന്നയിക്കുകയും ചെയ്തു. അദ്ദേഹം അറ്റലാന്റയിലെ ഒരു മാനസികാരോഗ്യ കേന്ദ്രത്തിലുണ്ടെന്നും ചെറിയ ജോലികള് ചെയ്ത് നിത്യച്ചെലവിനും ചികിത്സക്കും മറ്റുമുള്ള പണം സ്വയം കണ്ടെത്തുന്നു എന്ന് അറിയുന്നതല്ലാതെ മറ്റൊരു വിവരവും ലഭ്യമായിട്ടില്ല എന്നു മാത്രമാണ് സഹോദരൻ ഗോവിന്ദിൽ നിന്നും കിട്ടിയ അറിവ്. രാജ് കിരണ് ജീവിച്ചിരിപ്പില്ല എന്നു കരുതിയിരുന്ന ആരാധകർക്ക് ഈ വാർത്ത വലിയൊരു ആശ്വാസമായിരുന്നു. തനിക്ക് ജീവിക്കാൻ ജോലിവേണമെന്നും അഭിനയിക്കാൻ അവസരം തരണമെന്നും രാജ് കിരണ് തന്നോട് ഫോണില് സംസാരിച്ചിരുന്നു എന്നും താന് അദ്ദേഹത്തിന് നല്ലൊരവസരം നല്കാന് താന് തയ്യാറായിരുന്നുവെന്നും സൂപ്പർ സംവിധായകനായ മഹേഷ് ഭട്ട് ഒരു ഇന്റർവ്യൂവില് പറയുകയുണ്ടായി. രാമായണത്തില് സീതയായി വേഷമിട്ട ദീപിക ചിക് ലിയ 1983 ല് സുന് മേരി ലൈലാ എന്ന ചിത്രത്തിലൂടെ ആദ്യമായി സിനിമയിലെത്തിയപ്പോള് തന്റെ ആദ്യനായകനായ രാജ് കിരണിനെക്കുറിച്ച് അടുത്ത കാലത്ത് വാചാലയായിരുന്നു.
അമേരിക്കയിലെ അറ്റ് ലാന്റയില് രാജ്കിരണ് ഉണ്ടെന്നറിഞ്ഞ ഋഷി കപൂർ ആ വഴിക്ക് ഒരന്വേഷണം നടത്തിയെങ്കിലും ഫലമുണ്ടായില്ല. അതേ കൊല്ലംതന്നെ രാജ് കിരണിന്റെ മകൾ ഋഷിക അറ്റ്ലാന്റയിലെ കഥ നിരാകരിക്കുകയുണ്ടായി. ന്യൂയോർക്ക് പോലീസിന്റെയും പ്രൈവറ്റ് ഡിറ്റക്ടീവുകളുടെയും സഹായത്തോടെ തന്റെ പിതാവിനെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്ന് ഋഷിക അറിയിച്ചു. കൊല്ലങ്ങള് കടന്നുപൊയ്ക്കൊണ്ടേ ഇരുന്നു.
വീണ്ടും ഇപ്പോള് കൊല്ലങ്ങള് വീണ്ടും കഴിഞ്ഞിരിക്കുന്നു. ഇക്കാലയളവിനുള്ളിൽ ഒരു സൂചനപോലും ആർക്കും ലഭിച്ചിട്ടില്ല. സിനിമയില് രാജ് കിരണിന് ഏറ്റവുമധികം അടുപ്പമുണ്ടായിരുന്നത് ഋഷി കപൂറുമായിട്ടാണ്. 1980 ല് പുറത്തിറങ്ങിയ കർസ് എന്ന ചിത്രത്തിലൂടെ തുടങ്ങിയതായിരുന്നു ആ ആത്മബന്ധം. കർസില് നായകനായ ഋഷി കപൂറിന്റെ പൂർവ്വജന്മത്തിന്റെ വേഷമായിരുന്നു രാജ് കിരണിന്. കാമുകിയുടെ ചതിവില് വധിക്കപ്പെടുന്ന യുവാവായിരുന്നു രാജ് കിരണ്. കർസിന്റെ ക്ലൈമാക്സില് എല്ലാം വെളിച്ചത്തു കൊണ്ടുവരുന്നുണ്ട് ഋഷി കപൂറിന്റെ കഥാപാത്രം മോണ്ടി ഒബറോയ്.
തന്റെ പ്രിയപ്പെട്ട സുഹൃത്തിനെ കണ്ടെത്തുമെന്നും വീണ്ടുമദ്ദേഹത്തെ വെള്ളിത്തിരയിലെത്തിക്കുമെന്നും ഋഷി കപൂർ ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നു. എന്നാല് അത് സാദ്ധ്യമാക്കാന് കഴിയാതെ 2010 ഏപ്രില് മുപ്പതിന് ഋഷി കപൂറിന്റെ ജീവിതത്തിന് തിരശ്ശീല വീണു. ദീപ്തി നാവലുമായി ചേർന്ന് ഋഷി കപൂർ ശ്രമം തുടർന്നുകൊണ്ടേ ഇരിക്കുകയായിരുന്നുവെന്നും കൂടുതല് വിവരങ്ങളറിയാന് ശ്രമിച്ച ഋഷിയോട് ആ ശ്രമം അവസാനിപ്പിക്കാനും തങ്ങളെ മേലില് ഉപദ്രവിക്കരുതെന്നും കുടുംബം ആവശ്യപ്പെട്ടതായി സന്പാദ് ഇംഗ്ലീഷ് എന്ന ന്യൂസ് പോർട്ടല് അന്നേദിവസം വെളിപ്പെടുത്തിയിരുന്നു. ദുരൂഹത ഇപ്പോഴും തുടരുകയാണ്. ഭർത്താവിന്റെ അടുത്തുനിന്നും താമസം മാറിയെന്നു കരുതി രൂപയ്ക്ക് എങ്ങനെയാണ് മറ്റൊരാളെ വിവാഹം സാദ്ധ്യമാകുക എന്നത് ചോദ്യമാണ്. ഒന്നുകില് വിവാഹമോചനം നേടണം. അല്ലെങ്കില് ഭർത്താവ് മരണപ്പെടണം. രാജ് കിരണ് ജീവിച്ചിരിപ്പില്ല എന്ന് ഉറപ്പില്ലാതെ രൂപ എങ്ങനെ മറ്റൊരാളെ വിവാഹം ചെയ്തു. അല്ലെങ്കില് ഭാര്യക്ക് രഹസ്യമായി വിവാഹമോചനം നല്കിയിട്ടാണോ അദ്ദേഹം അപ്രത്യക്ഷനായത്. അതിന് രേഖകള് വല്ലതുമുണ്ടോ ആരെങ്കിലും എന്തെങ്കിലും മറച്ചുവെക്കുന്നുണ്ടെോ. ആർക്കും ഒന്നുമറിയില്ല.
കേന്ദ്രമന്ത്രിയായിരുന്ന സുഷമാ സ്വരാജ് അദ്ദേഹത്തെ നാട്ടിലെത്തിക്കാനുള്ള ശ്രമം നടത്തുന്നുണ്ടെന്ന് 2016- ല് ഒരു ചോദ്യത്തിനു മറുപടിയായി പറഞ്ഞത് അന്ന് ഒരു പ്രതീക്ഷയായിരുന്നു. എന്നാല് സുഷമാസ്വരാജിന്റെ അപ്രതീക്ഷിതവിയോഗവും ആ പ്രതീക്ഷയെ ഇല്ലാതാക്കി. വീണ്ടും കഴിഞ്ഞിരിക്കുന്നു പത്തുകൊല്ലം കൂടി.
തെന്നിന്ത്യന് പൌരുഷത്തിന്റെ ഭാഗമായ മീശ സ്ഥിരമായി ധരിച്ചിരുന്ന അപൂർവ്വം ബോളിവുഡ് നടന്മാരില് ഒരാള്. 70 കളിലും 80 കളിലും പുരുഷസൌന്ദര്യത്തിന്റെ മൂർത്ീഭാവമായി അനുപാതവും ആകാരസൌഷ്ഠവവും ഒത്തിണങ്ങിയ സുന്ദരപുരുഷന്. ഋഷികപൂറിന്റെ വാക്കുകളില് എപ്പോഴും മൃദുഭാഷിയും സദ് സ്വഭാവത്തിനുടമയുമായ ജന്റില്മാന്. ഏറെ സ്വപ്നങ്ങളുമായി സിനിമാനായകനായി വന്ന് ഒരു ദുരന്തനായകനായി തന്റെ ആദ്യചിത്രത്തിന്റെ പേരു സൂചിപ്പിക്കുന്നതുപോലെ കടലാസുതോണി തുഴഞ്ഞ് എവിടേക്കായിരിക്കും പോയത് രാജ് കിരണ്.
കരിയറിലെ താഴചയേക്കാളധികം കുടുംബത്താല് കയ്യൊഴിയപ്പെട്ടവനായ വേദനയിൽ മനസ്സിന്റെ താളം തെറ്റി ഓർമ്മകളെ സ്വയം ഇല്ലാതാക്കി മറവികളുടെ ഇരുളിൽ ഉറങ്ങുന്നുണ്ടാകുമോ അതോ സുബോധത്തോടുകൂടി വിധി തനിക്കുതന്ന പരാജയം എന്ന വിശ്വാസത്തില് ദിനങ്ങള് തള്ളിനീക്കുകയാകുമോ ? മാന് അഭിമാന് എന്ന സിനിമക്കുവണ്ടി, രവീന്ദ്ര ജെയിന് എഴുതി സംഗീതം നല്കി യേശുദാസ് പാടിയ വരികള് പോലെ. നീരൊഴിക്കില് കല്ലുപോലും അലിയും നിന്റെ വേദനയില് അത് അലിയേണ്ടതായിരുന്നു. മറ്റുള്ളവർക്കു തോന്നേണ്ട പശ്ചാത്താം നിന്റെ കണ്ണുനീരായി വീഴുന്നു. ഹേ വിഡ്ഢീ... ഇത് നിന്റെ സ്വന്തമല്ല. നിന്റെ ഇടം ഇതല്ല.
ലോകത്താകെ നാലപ്പതു ലക്ഷത്തോളം ജീവന് കവർന്ന കോവിഡ്
മഹാമാരിയെ തരണം ചെയ്യാന് ഇപ്പോള് ജീവിച്ചിരുന്നാല് എഴുപത്തിയേഴു വയസ്സ് പ്രായമുള്ള
അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ടാകുമോ ? കർസിലെ ദുരന്തനായകനെപ്പോലെ അറം പറ്റി ആരുടെയെങ്കിലും
ചതിവ്ല് പെടട്ടിട്ടുണ്ടാകുമോ ? ഉറ്റചങ്ങാതിയായ
ഋഷി കപൂറിന്റെ ആഗ്രഹം പോലെ ദുരൂഹതയുടെ വാത്മീകത്തിനുള്ളില് നിന്നും ജന്മനാട്ടില്
പ്രിയമുള്ള രാജ്കിരണ് വീണ്ടുമൊരിക്കല് പ്രത്യക്ഷനാകുമോ..? നമുക്ക്
കാത്തിരിക്കാം
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ