കേരളത്തിന്റെ മനസ്സാക്ഷിയെ നടുക്കിക്കൊണ്ട് കഴിഞ്ഞ
ദിവസം ഒരു വാർത്ത കൂടി പത്രത്താളുകളിൽ ഇടംപിടിച്ചു; കടബാധ്യതയും
ദാരിദ്ര്യവും മൂലം ഒരച്ഛനും അമ്മയും രണ്ട് പിഞ്ചുമക്കളും പുഴയിൽ ചാടി
ജീവനൊടുക്കിയിരിക്കുന്നു. സങ്കടത്തോടെയും വിറയലോടെയുമല്ലാതെ ഒരു മലയാളിക്ക് ഈ
വാർത്ത വായിച്ചുതീർക്കാൻ കഴിയില്ല. എന്നാൽ, ഇതേ
ദിവസങ്ങളിൽ തന്നെയാണ് മറ്റൊരു വിശേഷവും വാർത്തകളിൽ നിറഞ്ഞത്—കേരളത്തിലെ ഒരു
പ്രമുഖ വ്യവസായി ലക്ഷക്കണക്കിന് രൂപ വിലമതിക്കുന്ന രത്നങ്ങൾ പതിപ്പിച്ച സ്വർണ്ണകിരീടം ധനികമായ ഒര ആരാധനാലയത്തിൽ ദൈവത്തിന് വഴിപാടായി സമർപ്പിച്ചിരിക്കുന്നു. ഇത് ഒറ്റപ്പെട്ട ഒരു വഴിപാടല്ല, ഇടക്കിടെ പലരും ആഭരണങ്ങളായും സ്വർണ്ണക്കട്ടികളായും വാഹനങ്ങളായുമൊക്കെ നടത്തുക പതിവുള്ളതാണ്.
ഒരു വശത്ത് ഏതാനും ആയിരങ്ങളുടെ കടത്തിന്മേൽ ജീവിതം
വഴിമുട്ടി മനുഷ്യർ പുഴയിലെ കയങ്ങളിലേക്ക് ഒടുങ്ങുമ്പോൾ, മറുവശത്ത് ഒന്നും ആവശ്യമില്ലാത്ത ദൈവങ്ങൾക്ക് മുന്നിൽ കോടികളുടെ
സ്വർണ്ണക്കിരീടങ്ങളും വെള്ളിസിംഹാസനങ്ങളും കുമിഞ്ഞുകൂടുന്നു. സാമ്പത്തിക
ശാസ്ത്രത്തിന്റെ അളവുകോലുകൾക്കും അപ്പുറം, ആഴമേറിയ
മനശ്ശാസ്ത്രപരവും സാമൂഹ്യശാസ്ത്രപരവുമായ ചില ഭീതിദമായ യാഥാർത്ഥ്യങ്ങളിലേക്കാണ് ഈ
വൈരുദ്ധ്യം വിരൽ ചൂണ്ടുന്നത്.
ദൈവവുമായുള്ള 'വ്യാപാരം': ഭയത്തിന്റെ
മനശ്ശാസ്ത്രം
ചുറ്റുമുള്ള പച്ചയായ മനുഷ്യരുടെ പട്ടിണിയും
സങ്കടവും കാണാതെ, കോടീശ്വരന്മാർ
ആരാധനാലയങ്ങളിലേക്ക് പണമൊഴുക്കുന്നതിന് പിന്നിൽ വ്യക്തമായ ഒരു മനശ്ശാസ്ത്രമുണ്ട്.
ഭൂരിഭാഗം മനുഷ്യർക്കും മതം എന്നത് കാരുണ്യമല്ല, മറിച്ച്
തങ്ങളുടെ സുരക്ഷിതത്വത്തിന് വേണ്ടിയുള്ള ഒരു 'ഇൻഷുറൻസ് പോളിസി' മാത്രമാണ്.
തങ്ങൾ അധ്വാനിച്ചോ അല്ലാതെയോ നേടിയ സമ്പത്ത്
കൈവിട്ടുപോകാതിരിക്കാനും, മത്സരബുദ്ധിയോടെയുള്ള
ബിസിനസ്സ് ലോകത്ത് തങ്ങളുടെ മേൽക്കൈ നിലനിർത്താനും ദൈവത്തെ ഒരു 'ബിസിനസ്സ് പങ്കാളി'യാക്കുകയാണ് ഇവർ ചെയ്യുന്നത്. "ഞാൻ ഇത്രയും
സ്വർണ്ണം തരാം, പകരം എന്റെ
ഐശ്വര്യം നിലനിർത്തിത്തരണമേ" എന്ന ഈ ചിന്താഗതി തികച്ചും ഒരു കൊടുക്കൽ-വാങ്ങൽ
മനസ്ഥിതി (Transactional Mentality) അഥവാ
കച്ചവടക്കണ്ണാണ്. ഭയത്തിൽ നിന്നും അത്യാഗ്രഹത്തിൽ നിന്നും ജനിക്കുന്ന ഈ
ആത്മീയതയ്ക്ക് ചുറ്റുമുള്ള മനുഷ്യരുടെ ദാരിദ്ര്യം കാണാനുള്ള കണ്ണുണ്ടാകാറില്ല.
ഉരുകി ഒലിക്കുന്ന മെഴുകുതിരി പോലെ
തൊട്ടടുത്തിരുന്ന് ഒരു ജീവിതം വെളിച്ചമില്ലാതെ അണഞ്ഞുപോകുമ്പോഴും, അങ്ങകലെ പൂർണ്ണ ശോഭയോടെ നിൽക്കുന്ന സ്വർണ്ണവിഗ്രഹങ്ങൾക്ക് മുന്നിൽ
കർപ്പൂരപ്പുക ഉയർത്തുന്ന മനുഷ്യന്റെ ഭക്തി ഒരുതരം ആത്മീയ അന്ധതയാണ്.
ആത്മീയ ഈഗോയും സോഷ്യൽ സ്റ്റാറ്റസും
രഹസ്യമായി ഒരു പാവപ്പെട്ട കുടുംബത്തിന്റെ കടം
വീട്ടിക്കൊടുക്കുന്നതിനേക്കാൾ, അല്ലെങ്കിൽ ഒരു
രോഗിക്ക് ചികിത്സാസഹായം നൽകുന്നതിനേക്കാൾ വലിയൊരു വലിയ ക്ഷേത്രത്തിലോ പള്ളിയിലോ
ലക്ഷങ്ങളുടെ സ്വർണ്ണക്കിരീടം സമർപ്പിക്കുമ്പോൾ ലഭിക്കുന്ന മാധ്യമശ്രദ്ധയും പദവിയും
വളരെ വലുതാണ്.
ഇവിടെ വരുന്നത് ദൈവത്തോടുള്ള ഭക്തിയല്ല, മറിച്ച് സമൂഹത്തിൽ തങ്ങളുടെ പദവി ഉറപ്പിക്കാനുള്ള 'ആത്മീയ ഈഗോ' (Spiritual Ego) ആണ്. ആ
സ്വർണ്ണക്കിരീടത്തിന് മുകളിൽ സ്വന്തം പേര് കൊത്തിവെക്കുമ്പോൾ കിട്ടുന്ന ആത്മരതി, പേരും പ്രശസ്തിയും ഇല്ലാതെ ചെയ്യുന്ന ജീവകാരുണ്യപ്രവർത്തനങ്ങളിൽ
നിന്ന് ഇവർക്ക് ലഭിക്കുന്നില്ല.
അയൽപക്കങ്ങളുടെ മരണം: സാമൂഹ്യശാസ്ത്രപരമായ തകർച്ച
ഒരു കാലത്ത് കേരളീയ സമൂഹത്തിന്റെ ഏറ്റവും വലിയ
കരുത്ത് നമ്മുടെ അയൽപക്ക ബന്ധങ്ങളായിരുന്നു. പട്ടിണിയുള്ള കാലമാണെങ്കിലും ഒരു
വീട്ടിൽ അടുപ്പ് പുകയുന്നില്ലെങ്കിൽ അത് തിരിച്ചറിയാനും സഹായിക്കാനും
ചുറ്റുമുള്ളവർക്ക് കഴിഞ്ഞിരുന്നു. മത്സരാധിഷ്ഠിത സന്പദ്വ്യവസ്ഥ
പിടിമുറുക്കാത്തതിനാൽ അവർ എങ്ങനെയെല്ലാമോ ദുരിതങ്ങളെ മാനസികമായി തരണം
ചെയ്തിരുന്നു. എന്നാൽ ഇന്ന് നമ്മൾ
വ്യക്തികേന്ദ്രീകൃതമായ ഒരു നഗരസംസ്കാരത്തിലേക്ക് അതിവേഗം മാറിക്കഴിഞ്ഞു. തൊട്ടടുത്ത
വീട്ടിൽ ഒരു കുടുംബം കടക്കെണിയിൽ വീണ് പിടയുമ്പോഴും അവരിലേക്ക് സഹായത്തിന്റെ ഒരു
കൈ നീട്ടാൻ നമ്മുടെ സോഷ്യൽ നെറ്റ്‌വർക്കുകൾക്ക് കഴിയുന്നില്ല. സാമ്പത്തിക ബാധ്യത
വരുമ്പോൾ മാനസികമായി താങ്ങു നൽകാൻ ആരുമില്ലാതെ വരുമ്പോഴാണ് മനുഷ്യർ
കടുംകൈകളിലേക്ക് തിരിയുന്നത്. ഇന്ന് നമ്മുടെ കാരുണ്യം എന്നത് പൂട്ടിവെച്ച
എയർകണ്ടീഷൻ ചെയ്ത മുറികൾ പോലെയാണ്; അകത്തിരിക്കുന്നവർക്ക്
സുഖം തരുമെങ്കിലും പുറത്തുനിൽക്കുന്ന നാട്ടിൻപുറത്തെ പാവപ്പെട്ടവന്റെ വിയർപ്പും
ശ്വാസവും അത് അറിയാറേയില്ല.
മതാധിപത്യവും സ്ഥാപനങ്ങളുടെ നിശ്ശബ്ദതയും
കോടികളും സ്വർണ്ണവും കാണിക്കയായി ഒഴുകിയെത്തുന്ന
നമ്മുടെ വൻകിട മതസ്ഥാപനങ്ങൾക്ക് എന്തുകൊണ്ട് ഇത്തരം ദരിദ്രരായ കുടുംബങ്ങളെ
കണ്ടെത്താനും അവരെ പുനരധിവസിപ്പിക്കാനും ഒരു സ്ഥിരമായ സംവിധാനം ഉണ്ടാക്കാൻ
കഴിയുന്നില്ല?
ദൈവത്തിന് വഴിപാടായി ലഭിക്കുന്ന ആഡംബര വാഹനങ്ങളും
സ്വർണ്ണ ഉരുപ്പടികളും ലേലം ചെയ്ത് വിറ്റ്, ആ തുക
കൊണ്ട് ജീവനൊടുക്കാൻ പോകുന്ന മനുഷ്യർക്ക് ഒരു താങ്ങാവാൻ വിചാരിച്ചാൽ ഈ
സ്ഥാപനങ്ങൾക്ക് സാധിക്കും. എന്നാൽ, ആത്മീയത
എന്നത് മനുഷ്യനെയല്ല, സ്ഥാപനങ്ങളെ
വളർത്താനുള്ള ഇന്ധനമായി മാറുമ്പോൾ ഇത്തരം സാമൂഹിക പ്രതിബദ്ധതകൾ
വിസ്മരിക്കപ്പെടുന്നു.
ഭക്തന്റെ വിരോധാഭാസം: മാറാത്ത പൊതുമനസ്സ്
ഈ ആർട്ടിക്കിളും ഇതുപോലുള്ള ചർച്ചകളും
വായിക്കുമ്പോൾ നമ്മളിൽ ഭൂരിഭാഗം വരുന്ന സാധാരണക്കാരും ആ ധനികന്റെ ക്രൂരതയ്‌ക്കെതിരെ
ചിന്തിക്കും, മരിച്ചുപോയ
കുടുംബത്തോടു കടുത്ത സഹതാപം പ്രകടിപ്പിക്കും. എന്നാൽ, അതിനിടയിലും ഒളിച്ചിരിക്കുന്ന ഭീതിദമായ ഒരു വിരോധാഭാസമുണ്ട്. ഈ സഹതാപ
തരംഗം അടങ്ങിക്കഴിയുമ്പോൾ, ഇതേ സാധാരണക്കാരായ
ഭക്തർ വീണ്ടും ചിന്തിക്കാൻ പോകുന്നത് "എന്റെ ദൈവത്തിന്റെ ഭണ്ഡാരം നിറഞ്ഞു
കവിയണം, എന്റെ ദൈവത്തിന് മുന്നിൽ സമ്പത്ത്
കുന്നുകൂടണം" എന്നു തന്നെയാണ്!
ധനികരുടെ ആഡംബര വഴിപാടുകളെ സോഷ്യൽ മീഡിയയിൽ
വിമർശിക്കുന്നവർ പോലും സ്വന്തം ആരാധനാലയങ്ങളുടെ ആസ്തി വർദ്ധിക്കുന്നതിൽ അഭിമാനം
കൊള്ളുന്നവരാണ്. പാവപ്പെട്ടവന്റെ പട്ടിണിയേക്കാൾ വലിയത് ദൈവത്തിന്റെ തിരുനടയിലെ
സമ്പന്നതയാണെന്ന ഈ 'പൊതു ഭക്തമനസ്സ്' മാറാത്തിടത്തോളം
കാലം ഒരു ധനികനും നന്നാവാൻ പോകുന്നില്ല. കാരണം, ധനികൻ
ചെയ്യുന്നത് ഈ പൊതുസമൂഹം മനസ്സ് കൊണ്ട് ആഗ്രഹിക്കുന്ന കാര്യത്തിന്റെ വലിയൊരു
പതിപ്പ് മാത്രമാണ്. ജനങ്ങളുടെ ഈ ആത്മീയ ചിന്താഗതി മാറാതെ, കോടീശ്വരന്മാരുടെ വഴിപാടുകളെ മാത്രം കുറ്റം പറയുന്നതിൽ അർത്ഥമില്ല.
വീട്ടിൽ ഉരിയരിക്കു വകയില്ലെങ്കിലും സൂപ്പർ സ്റ്റാറുകളുടെ കട്ടൌട്ടുകളിൽ പാലഭിഷേകം
ചെയ്യാൻ പോകുന്ന ആളുകളുടെ കൂട്ടത്തിൽ പുതിയ തലമുറപോലും ഉണ്ടെന്നത് ലജ്ജാകരമായ ഒരു
തിരിച്ചറിവാണ് നമുക്ക്.
വിശക്കുന്ന മനുഷ്യന്റെ മുഖത്താണ് ദൈവത്തെ
കാണേണ്ടത് എന്ന ലളിതമായ തത്വം മറന്ന്, സ്വർണ്ണ
സിംഹാസനങ്ങളിൽ ദൈവത്തെ തിരയുന്നവർ യഥാർത്ഥത്തിൽ സ്വന്തം മനസ്സാക്ഷിയെ തന്നെയാണ്
കബളിപ്പിക്കുന്നത് എന്നൊന്നും വഴിപാടുകളുടെ ബാഹ്യ പ്രൗഢിയിൽ അന്ധരായിപ്പോകുന്ന
ഭക്തർക്ക് മനസ്സിലാകുന്ന കാര്യങ്ങളല്ല. അങ്ങനെയൊരു പൊതുബോധം സൃഷ്ടിച്ചെടുത്തിരുന്ന
കേരളം ഇന്ന് ബഹുദൂരം പിന്നിലേക്കു പോയിക്കഴിഞ്ഞു. ആ കുടുംബത്തിന്റെ ദുരന്തസ്മരണ
മാറുംമുന്പ് സകലപ്രതികരണക്കാരും വഴിപാടിന്റെ പുകഴ്ചപാടലിലേക്ക്
തിരിച്ചുപൊയ്ക്കൊള്ളും.
പശിയടക്കാൻ വഴിയില്ലാതെ പുഴയിലെ ഓളങ്ങളിൽ ഒടുങ്ങിപ്പോയ ആ നാലംഗ
കുടുംബത്തിന്റെ കണ്ണീരിന് മുന്നിൽ പ്രബുദ്ധ കേരളം തലകുനിച്ചേ മതിയാകൂ. ഇനിയെങ്കിലും നമ്മൾ ചിന്തിക്കേണ്ടത് ഇതാണ്; തകർന്നുപോകുന്ന കെട്ടിടങ്ങളിലെ ഭണ്ഡാരങ്ങൾ നിറയ്ക്കുന്നതാണോ, അതോ ജീവനുള്ള മനുഷ്യന്റെ കണ്ണീരൊപ്പുന്നതാണോ യഥാർത്ഥ ഭക്തി? ഈ ചിന്താഗതി ഭക്തരിൽ ഉണ്ടാകാത്തടത്തോളം കാലം നമ്മുടെ ആത്മീയത
വെറുമൊരു കപട നാടകം മാത്രമായി തുടരും. അവർ ആരാധിക്കുന്നത് ദൈവത്തെയല്ല,
ധനികനെയാണ്. അതെ അവർ ദൈവഭക്തന്മാരല്ല, ധനികരുടെ ഭക്തന്മാർ മാത്രമാണ്.
മനുഷ്യന്റെ കണ്ണീരൊപ്പാൻ കഴിയാത്ത ഒരു
ആത്മീയതയ്ക്കും ഒടുങ്ങാത്ത സാമ്പത്തിക അസമത്വങ്ങൾക്കും മുന്നിൽ ഇനിയൊരു കുടുംബം
കൂടി പുഴയിലേക്ക് നടന്നുപോകാതിരിക്കാൻ, നമ്മുടെ
ചിന്താഗതികളിൽ വലിയൊരു മാറ്റം അടിയന്തിരമായി ഉണ്ടാകേണ്ടിയിരിക്കുന്നു.

إرسال تعليق